Dubai to Delhi

An Emirates Boeing 777-300 flight traveling from Dubai to Delhi suffered severe damage to its nose cone after colliding with a bird while landing at Indira Gandhi International Airport on Saturday afternoon. All 357 passengers and crew members onboard were unharmed, though the return flight (EK 515) was delayed by over 15 hours. The airline provided accommodation for the affected passengers and expressed regret for the inconvenience. The incident highlights a growing concern at the Delhi airport, where bird strikes have increased over the past two years due to unauthorized garbage dumping and meat processing near the airfield, a situation reminiscent of past challenges faced at the Trivandrum airport.

എമിറേറ്റ്സ് വിമാനത്തിൽ പക്ഷി ഇടിച്ചു; ഡൽഹി വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി

ദുബായിൽ നിന്നും ഡൽഹിയിലേക്ക് വന്ന എമിറേറ്റ്സ് വിമാനത്തിൽ ലാൻഡിംഗിനിടെ പക്ഷി ഇടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:10 ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് സംഭവം. പക്ഷി ഇടിച്ചതിനെ തുടർന്ന് എമിറേറ്റ്സിന്റെ ബോയിങ് 777-300 വിമാനത്തിന്റെ മുൻഭാഗത്തിന് (നോസ് കോൺ) സാരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവസമയത്ത് ക്രൂ അംഗങ്ങൾ ഉൾപ്പെടെ 357 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൻ ദുരന്തമാണ് ഒഴിവായതെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്തിന് തകരാർ സംഭവിച്ചതിനാൽ ഡൽഹിയിൽ നിന്നുള്ള മടക്കയാത്ര (ഇകെ 515) 15 മണിക്കൂറിലേറെ വൈകി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പിറ്റേദിവസം രാവിലെയോടെ മാത്രമേ വിമാനത്തിന് മടങ്ങാൻ കഴിഞ്ഞുള്ളൂ. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ എയർലൈൻ കമ്പനി ഖേദം പ്രകടിപ്പിക്കുകയും, അവർക്ക് ആവശ്യമായ ഭക്ഷണവും താമസസൗകര്യവും ഏർപ്പാടാക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വർഷത്തോളമായി ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളിൽ പക്ഷി ഇടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ അനധികൃതമായി മാലിന്യം തള്ളുന്നതും ഇറച്ചി വിൽപന ശാലകൾ പ്രവർത്തിക്കുന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് എയർഫീൽഡ് മാനേജ്മെൻറ് കമ്മിറ്റി കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

മുൻപ് തിരുവനന്തപുരം വിമാനത്താവളത്തിലും സമാനമായ രീതിയിൽ പക്ഷികളുടെ ശല്യം രൂക്ഷമായിരുന്നു. വിമാനത്താവളത്തിന്റെ പരിസരത്ത് മാലിന്യവും ഇറച്ചി അവശിഷ്ടങ്ങളും കുന്നുകൂടിയത് കാരണം പക്ഷികൾ പെരുകിയത് വിമാനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്. പിന്നീട് മാസം പത്ത് ലക്ഷത്തോളം രൂപ ചിലവാക്കി എയർ പടക്കങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് പക്ഷികളെ തുരത്താൻ പ്രത്യേക സംഘത്തെ തന്നെ തിരുവനന്തപുരത്ത് നിയോഗിക്കേണ്ടി വന്നിരുന്നു. വിമാനത്തിന്റെ മുൻഭാഗം തകരുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ ഡൽഹിയിലും അധികൃതർ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.